ജയ്പുര്‍: ജയ്‌പൂരിലെ എച്ച് ബി കന്‍വാതിയ ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായെന്ന് പരാതി. ചൊവ്വാഴ്ചയാണ് ഭാരത് ബയോടെക്കിന്‍റെ കൊറോണ വൈറസ് വാക്‌സിന്‍ ആയ കോവാക്‌സിന്‍ ആണ് ആശുപത്രിയിലെ ശീതികരണ സംവിധാനത്തില്‍നിന്ന് കാണാതായത് ശ്രദ്ധയിൽപെട്ടത്.
ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ശാസ്ത്രി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച ആശുപത്രിയില്‍ 200 ഡോസ് വാക്‌സിന്‍ ആണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച 489 ഡോസ് കൂടി എത്തി. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 320 ഡോസ് കാണാതായതായി കണ്ടെത്തുകയായിരുന്നു.
സുരക്ഷാ ഗാര്‍ഡുകള്‍ ഉള്ള ശീതീകരണ മുറിയില്‍ നിന്ന് എങ്ങിനെ വാക്സിനുകള്‍ കാണാതായെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. വാക്‌സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് സംശയിക്കുന്നത്. ഇതേകുറിച്ച് ആരോഗ്യവകുപ്പും അന്വേഷണം നടത്തും.
Discussion about this post