മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിഗരറ്റ്, ബീഡി വില്‍പ്പന താല്‍ക്കാലികമായി നിരോധിക്കുന്നത് സംബന്ധിച്ച് ബോംബെ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും പ്രതികരണം തേടി. പുകവലി ശീലമാക്കിയവരിലെ കൊവിഡ് ബാധയുടെ കണക്കും ആരാഞ്ഞു. കൊവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ സര്‍ക്കാറുകള്‍ നിരോധനം പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
പുകവലിക്കാരില്‍ കൊവിഡ് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുളള വിവരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പബ്ലിക് ഡൊമൈനുകളില്‍ ലഭ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് ഒരു പ്രശ്നമാണെങ്കില്‍, പൗരന്മാരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് സിഗരറ്റിന്റെയും ബീഡിയുടെയും വില്‍പ്പന നിരോധിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് അഭിപ്രായമെന്നും കോടതി വ്യക്തമാക്കി.
കൊവിഡ് ബാധിതര്‍ക്ക് റെംഡെസിവിര്‍ മരുന്ന് ലഭ്യമാക്കാന്‍ സാദ്ധ്യമായ എല്ലാ നടപടികളും ഉറപ്പാക്കണമെന്നും കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മരുന്നിനായി രോഗികളോ ബന്ധുക്കളോ അലയുന്ന അവസ്ഥ ഉണ്ടാകരുത്. കൊവിഡ് പ്രോട്ടോക്കോള്‍ പൗരന്മാര് കര്‍ശനമായി പാലിക്കേണ്ട ആവശ്യകതയെപ്പറ്റിയും കോടതി പരാമര്‍ശിച്ചു.
മുംബൈയിലെ അഭിഭാഷകന് സ്നേഹ മര്‍ജാദി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദിപങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഇത്തരം പരാമര്‍ശം നടത്തിയിരിക്കുന്നത്. റെംഡെസിവിര്‍ മരുന്നിന്റെ ദൗര്‍ലഭ്യം, ഓക്സിജന്‍ വിതരണത്തിലെ കുറവ്, കൊവിഡ് ബെഡ് മാനേജ്മെന്റ്, ആര്.ടിപി.സി.ആര്-റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താനുള്ള കാലതാമസം എന്നിവയുമായി ബന്ധപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post