മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ക്ലാസിക് പോരിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വീഴ്ത്തി ചെന്നൈ സൂപ്പർ കിംഗ്സ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും രവീന്ദ്ര ജഡേജ നിറഞ്ഞാടിയ മത്സരത്തിൽ 69 റൺസിനാണ് ചെന്നൈയുടെ വിജയം.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ ഇരുപത് ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 37 റൺസ് ഉൾപ്പെടെ 28 പന്തിൽ 62 റൺസ് നേടിയ ജഡേജയാണ് ബാംഗ്ലീരിനെ കടന്നാക്രമിച്ചത്. ജഡേജ 5 സിക്സും 4 ഫോറും നേടി. 4 ഓവറിൽ വെറും 13 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റും ജഡേജ സ്വന്തമാക്കി.
ചെന്നൈക്ക് വേണ്ടി ഫാഫ് ഡുപ്ലെസി ഇന്നും അർദ്ധ സെഞ്ചുറി നേടി. ഡുപ്ലെസി 41 പന്തിൽ 50 റൺസ് നേടി. ഋതുരാജ് ഗെയ്ക്വാദ് 33 റൺസ് നേടി. ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ 3 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ ബാംഗ്ലൂരിന് വേണ്ടി മലയാളി താരം ദേവ്ദത്ത് പടിക്കൽ 34 റൺസ് നേടി. മാക്സ്വെൽ 22 റൺസ് നേടിയപ്പോൾ മറ്റെല്ലാവരും പരാജയമായി. നായകൻ വിരാട് കോഹ്ലി 8 റൺസുമായി മടങ്ങി. ബാംഗ്ലൂരിന്റെ പോരാട്ടം ഇരുപത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസിൽ അവസാനിച്ചു.
Discussion about this post