വാഷിംഗ്ടൺ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെ പിന്തുണയ്ക്കേണ്ടത് അമേരിക്കയുടെ ധാർമികമായ ഉത്തരവാദിത്വമാണെന്ന് യുഎസ് പാർലമെന്റ് അംഗങ്ങൾ. ഈ സാഹചര്യത്തിൽ ഇന്ത്യക്കുള്ള സഹായം വർദ്ധിപ്പിക്കണമെന്നും എത്രയും വേഗം ഇക്കാര്യത്തിൽ നിലപാട് പ്രഖ്യാപിക്കണമെന്നും അവർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു.
അതേസമയം പതിനെട്ട് വയസിന് മുകളിലുള്ളവർക്കും വാക്സിൻ നൽകാനുള്ള യജ്ഞത്തിന് ഇന്ത്യയിൽ ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് നാല് മണി മുതൽ കൊവിന്‍ പോര്‍ട്ടല്‍ വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും.
രാജ്യത്ത് പ്രായപൂർത്തിയായ എല്ലാവർക്കും മെയ് മാസം ഒന്നാം തിയതി മുതലാണ് കൊവിഡ് വാക്സിൻ നൽകുക. രാജ്യത്തെ ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ നാളെയും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിൽ നില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്.
രാജ്യത്ത് പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കര്‍ണാടകയിൽ കൊവിഡ് കര്‍ഫ്യു നിലവിലുണ്ട്.











