ഡൽഹി: പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് ഒരു ലക്ഷം പോര്‍ട്ടബിള്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങാന്‍ അനുമതി. ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ (എല്‍എംഒ) വിതരണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്രയും വേഗം സംഭരിക്കണമെന്നും ഉയര്‍ന്ന തോതില്‍ കേസുകളുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
പിഎം കെയേഴ്സ് ഫണ്ടിനു കീഴില്‍ നേരത്തെ അനുവദിച്ച 713 പിഎസ്എ പ്ലാന്റുകള്‍ക്ക് പുറമേ 500 പുതിയ പ്രഷര്‍ സ്വിംഗ് അഡ്സര്‍പ്ഷന്‍ (പിഎസ്എ) ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചു. പിഎസ്എ പ്ലാന്റുകള്‍ ജില്ലാ ആസ്ഥാനങ്ങളിലെയും ടയര്‍ 2 നഗരങ്ങളിലെയും ആശുപത്രികളില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കും. ഡിആര്‍ഡിഒയും സിഎസ്ഐആറും വികസിപ്പിച്ച തദ്ദേശീയ സാങ്കേതികവിദ്യ ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് കൈമാറിയാണ് ഈ 500 പിഎസ്എ പ്ലാന്റുകള്‍ സ്ഥാപിക്കുക.
പിഎസ്എ പ്ലാന്റുകള്‍ സ്ഥാപിക്കുകയും പോര്‍ട്ടബിള്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങുകയും ചെയ്യുന്നത് ഓക്സിജന്റെ വിതരണം വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നും അതുവഴി പ്ലാന്റുകളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിലെ നിലവിലെ വെല്ലുവിളികളെ നേരിടാനാകുമെന്നും കേന്ദ്രമന്ത്രാലയം വ്യക്തമാക്കി.
Discussion about this post