തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടാനുളള നമ്പരായ 112 ല്‍ ഇനിമുതല്‍ റെയില്‍വേ പോലീസ് സേവനങ്ങളും ലഭ്യമാകും. പ്ലാറ്റ്‌ഫോമിലും ട്രെയിനിലും അടിയന്തിരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി 112 ല്‍ വിളിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും.
രാജ്യവ്യാപക ഏകീകൃത നമ്പരായ 112 ല്‍ കേരളാ റെയില്‍വേ പോലീസിന്റെ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. തിരുവനന്തപുരത്ത് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഓണ്‍ലൈനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
കേരളാ റെയില്‍വെ പോലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ആണ് റെയില്‍വേ പോലീസിന്റെ നോഡല്‍ ഓഫീസ്. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇ.ആര്‍.എസ്.എസ് കമാന്‍ഡ് സെന്ററില്‍ ലഭിക്കുന്ന സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാന്‍ഡ് സെന്റര്‍ മനസ്സിലാക്കി തുടര്‍ നടപടിക്കായി തമ്പാനൂരിലെ റെയില്‍വേ പോലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററിന് കൈമാറുകയാണ് ചെയ്യുന്നത്. ഇതുവഴി സംസ്ഥാനത്തെ ഏത് റെയില്‍വേ സ്റ്റേഷനിലും ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ പോലീസ് സഹായം എത്തിക്കാന്‍ കഴിയും.
Discussion about this post