പട്ന: ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിങ് അന്തരിച്ചു. കോവിഡ് ബാധിച്ച് നഗരത്തിലെ പരാസ് എച്ച്എംആർഐയിൽ കൊറോണ വൈറസിന് ചികിത്സയിലായിരുന്നുവെന്ന് ആശുപത്രി ഡയറക്ടർ ഡോ. അഹ്മദ് അബ്ദുൽ ഹായ് പറഞ്ഞു. 1985 ബാച്ച് ഐഎഎസുകാരനായ അരുണ്‍ കുമാര്‍ സിങ് കഴിഞ്ഞ ഫെബ്രുവരി 28 ന് മുൻഗാമിയായ ദീപക് കുമാർ രാജിവച്ചതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറിയായി നിയമിതനായത്.
അരുണ്‍ കുമാറിന്റെ നിര്യാണത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. “അദ്ദേഹം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ വിദഗ്ധ അഡ്മിനിസ്ട്രേറ്ററായിരുന്നു.അദ്ദേഹം ഒരു സഹൃദയ വ്യക്തിയും, തന്റെ ചുമതലകൾ മികച്ച രീതിയിൽ നിർവഹിക്കുകയും ചെയ്തു.” മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ മരണം ഭരണമേഖലയിൽ നികത്താനാവാത്ത നഷ്ടമുണ്ടാക്കിയെന്നും, അദ്ദേഹത്തെ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിക്ക് സിങ്ങിന്റെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചത്. ചീഫ് സെക്രട്ടറിയെ ബഹുമാനിക്കാൻ മന്ത്രിസഭ ഒരു മിനിറ്റ് നിശബ്ദത പാലിച്ചുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
Discussion about this post