ആലപ്പുഴ: എഴുപത്തിയൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച കുഞ്ഞ് നാൽപ്പത്തിയഞ്ചാം നാൾ മരിച്ചു. പാല്‍ തൊണ്ടയില്‍ കുടുങ്ങിയായിരുന്നു കുഞ്ഞിന്റെ അന്ത്യം. അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട. അദ്ധ്യാപികയായ സുധര്‍മ കഴിഞ്ഞ മാര്‍ച്ച് 18നാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഏപ്രില്‍ 28നായിരുന്നു ഇവര്‍ കുട്ടിയേയും കൊണ്ട് വീട്ടിലേക്ക് പോയത്.
ഒന്നര വര്‍ഷം മുന്‍പാണ് സുധര്‍മയുടെയും റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുരേന്ദ്രന്റെയും മകന്‍ സുജിത് മരണമടഞ്ഞത്. മുപ്പത്തിയഞ്ച് വയസുകാരനായ സുജിത് സൗദിയില്‍വച്ചായിരുന്നു മരിച്ചത്. പിന്നീട് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹത്തെ തുടർന്നായിരുന്നു കൃത്രിമ ഗര്‍ഭധാരണവും പ്രസവവും.












