തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമത്തെത്തുടർന്ന് ശസ്ത്രക്രിയകൾ മാറ്റി. ഇന്നലെ ഓക്സിജൻ ക്ഷാമമുണ്ടായതിനെത്തുടർന്നാണ് ഇന്ന് നടത്താനിരുന്ന ചില ശസ്ത്രക്രിയകൾ നാളത്തേക്കു മാറ്റിയതെന്നും ഇപ്പോൾ ഓക്സിജൻ ലഭിച്ചു തുടങ്ങിയെന്നും ആശുപത്രി ഡയറക്ടർ പറഞ്ഞു. രോഗികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ തിരുവനന്തപുരത്ത് ആവശ്യത്തിനു ഓക്സിജൻ എത്താത്തതാണ് ശ്രീചിത്രയിലും പ്രതിസന്ധി സൃഷ്ടിച്ചത്. ഇതേത്തുടർന്ന് അടിയന്തര പരിഗണന വേണ്ടാത്ത ശസ്ത്രക്രിയകൾ മാറ്റി. ശ്രീചിത്രയിൽ ഒരു ദിവസം 90 ഓക്സിജൻ സിലിണ്ടറുകളാണ് വേണ്ടത്. ഇന്നലെ 17 സിലിണ്ടറുകൾ മാത്രമാണ് ലഭിച്ചത്. പാലക്കാടുനിന്ന് 3 കമ്പനികളാണ് ആശുപത്രിയിൽ ഓക്സിജൻ എത്തിക്കുന്നത്. ടാങ്കറുകളുടെ ക്ഷാമമുള്ളതിനാൽ കമ്പനികൾക്കു ഓക്സിജൻ ലഭിച്ചില്ല. തുടർന്ന്, എത്രയും വേഗം ഓക്സിജൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്കു ഡയറക്ടര്‍ കത്തു നൽകി. കലക്ടറുടെ ഇടപെടലിനെത്തുടർന്ന് ഇന്നലെ രാത്രിയോടെ കമ്പനികൾക്കു ഓക്സിജൻ ലഭിച്ചു തുടങ്ങി. ഇന്നു രാവിലെ 45 സിലിണ്ടറുകൾ കിട്ടിയെന്നും വൈകിട്ട് 45 എണ്ണം കിട്ടുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post