ബിലാസ്പുർ: മദ്യത്തിന് പകരം ഹോമിയോ മരുന്ന് കഴിച്ച ഒൻപത് പേർ മരിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പുരിലായിരുന്നു സംഭവം. ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോപ്പതി മരുന്ന് കഴിച്ചതോടെയായിരുന്നു മരണം.
മരുന്ന് കഴിച്ച ആറ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോര്‍മി ഗ്രാമത്തിലായിരുന്നു ദുരന്തം. മദ്യത്തിന് പകരമായി 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോപ്പതി സിറപ്പ് കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ചൊവ്വാഴ്ച രാത്രി വീടുകളിൽ വെച്ചായിരുന്നു നാല് പേർ മരിച്ചത്. കമലേഷ് ധൂരി (32), അക്ഷര ധൂരി (21), രാജേഷ് ധൂരി (21), സാമ്രു ധൂരി (25) എന്നിവര്‍ മരുന്ന് കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടയുകയായിരുന്നു.
ഇതേ മരുന്ന് കഴിച്ച ഗ്രാമത്തിലെ മറ്റൊരാള്‍ ബുധനാഴ്ച രാവിലെ മരിച്ചു. മരണങ്ങളെക്കുറിച്ചറിഞ്ഞ പോലീസ് സ്ഥലത്തെത്തുകയും മരുന്ന് കഴിച്ച മറ്റുള്ളവരെ ആശുപത്രിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നാലു പേർ പിന്നീട് ആശുപത്രികളിൽ വെച്ച് മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഛത്തീസ്ഗഢ് പൊലീസ് പറഞ്ഞു.







