കബൂൾ: കബൂളിലെ സ്കൂളിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 53 പേർ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ കബൂളിലെ സയീദ് ഉൽ ഷുഹദ ഹൈസ്കൂളിലായിരുന്നു സ്ഫോടനം. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് അഫ്ഗാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആദ്യം നടന്നത് ഒരു കാർ ബോംബ് സ്ഫോടനമായിരുന്നു. തുടർന്ന് രണ്ട് റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായി. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ വ്യക്തമാക്കി.
സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ വീട്ടിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു ആക്രമണം. മരിച്ചവരിൽ ഏറെയും പെൺകുട്ടികളാണ് എന്ന് അധ്യാപകനായ ഇബ്രാഹിം പറഞ്ഞു.
കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 80 താലിബാൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഗസ്നി, ലോഗർ, സബൂൾ, ഹെറാത്ത്, ഫറ, ഹെൽമണ്ട്, ബഗ്ലാൻ പ്രവിശ്യകളിലായിരുന്നു സൈന്യം ആക്രമണം നടത്തിയത്. ഓപ്പറേഷനിടെ ഭീകരർ സംഭരിച്ചു വെച്ചിരുന്ന വൻ ആയുധ ശേഖരവും സൈന്യം തകർത്തിരുന്നു.











