തൃശൂര്‍: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ചു സംസ്‌കരിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മസ്ജിദ് അധികൃതർക്കെതിരെ പോലീസ് കേസെടുത്തു .ഇന്നു രാവിലെ മെഡിക്കല്‍ കോളജില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം മസ്ജിദില്‍ കൊണ്ടുവന്ന്, പൊതിഞ്ഞിരുന്ന കവറുകള്‍ നീക്കി മൃതദേഹം പുറത്തെടുത്ത് കുളിപ്പിച്ച ശേഷം മതാചാരപ്രകാരം സംസ്‌കരിച്ചുവെന്നാണ് കണ്ടെത്തല്‍. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനു സമീപമുള്ള എം.എല്‍.സി മസ്ജിദിലാണ് സംഭവം നടന്നത്.
തൃശൂര്‍ വരവൂര്‍ സ്വദേശി ഖജീദ (53) ഇന്നലെയാണ് മരിച്ചത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുമെന്ന ഉറപ്പോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മൃതദേഹം നേരെ ശ്മശാനത്തില്‍ എത്തിച്ച് മതാചാര പ്രകാരം സംസ്‌കരിക്കാമെന്നാണ് നിബന്ധന. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയായിരുന്നു നടപടി. ശ്മശാനത്തിലേക്ക് എത്തിക്കുന്നതിനു പകരം നേരെ പള്ളിയില്‍ കൊണ്ടുപോയി മതപരമായ ചടങ്ങുകള്‍ നടത്തുകയായിരുന്നു.












