ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾ ഈദ് നമസ്കാരം വീടുകളിലാക്കണമെന്ന് ഫത്തേപുരി ഇമാം മുഫ്തി മുഹമ്മദ് മുക്കാറാം. പ്രതിദിനം നാല് ലക്ഷത്തിലധികം പേർ രോഗബാധിതരാകുകയും മൂവായിരത്തോളം പേർ മരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ വിശ്വാസികൾ പ്രാർത്ഥനകളുമായി വീട്ടിൽ കഴിച്ചു കൂട്ടണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മെയ് 13, 14 തീയതികളിലായാണ് ഈദ് ഉൽ ഫിത്തർ. വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും കൂട്ടം ചേർന്ന് പെരുന്നാൾ പ്രാർത്ഥന നടത്തുന്നതാണ് ഇസ്ലാമിക വിശ്വാസികളുടെ രീതി. എന്നാൽ കഴിഞ്ഞ വർഷം കൊവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വിവിധ ഇസ്ലാമിക പണ്ഡിതന്മാരുടെ നിർദ്ദേശ പ്രകാരം കൂട്ടയ്മകൾ ഒഴിവാക്കപ്പെട്ടിരുന്നു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയിലും ലോകമെമ്പാടും കഴിഞ്ഞ വർഷം പെരുന്നാൾ. രോഗവ്യാപനത്തെ തുടർന്ന് സൗദിയിലെ ഹജ്ജ് കർമ്മങ്ങൾക്ക് പോലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.








