കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൂട്ട കൊവിഡ് ബാധ. ആര്‍ടിപിസിആര്‍ പരിശോധനയില്‍ 178 അന്തേവാസികള്‍ക്കും 12 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് 160 തടവുകാര്‍ക്ക് അടിയന്തിര പരോള്‍ അനുവദിച്ചു.
ജയിലിലെ അന്തേവാസികള്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജയില്‍ അന്തേവാസികളുടെ എണ്ണം കുറയ്ക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്. ഇതുപ്രകാരമാണ് തടവുകാര്‍ക്ക് താത്കാലിക പരോള്‍ അനുവദിച്ചത്. കൂടാതെ ജയില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധിയും നല്‍കിയിട്ടുണ്ട്.
ശിക്ഷാതടവുകാര്‍ക്ക് 90 ദിവസത്തെ പരോള്‍ അനുവദിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജയില്‍ ഉന്നതാധികാര സമിതി ശുപാർശ നൽകിയിരുന്നു. രണ്ടു ദിവസങ്ങളിലായി താത്കാലിക മോചനം ലഭിച്ചവര്‍ വീടുകളിലേക്ക് മടങ്ങി.
പരോളിലിറങ്ങുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ച് വീടുകളില്‍ തന്നെ കഴിയണമെന്നും ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ തവണ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതി താല്‍ക്കാലിക പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് മുങ്ങിയിരുന്നു. ഇയാള്‍ക്ക് ഇക്കുറി പരോള്‍ അനുവദിച്ചിട്ടില്ല.
അതേസമയം ജയിലില്‍ കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.











