ലോദ്: ഹമാസിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണത്തെ അനുകൂലിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും, എന്നാൽ ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക സമാധാന ദൂതനായി നിയമിച്ചു.
ഇതിനിടെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക ശ്രമം തുടങ്ങിയതിന്റെ ഭാഗമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. പലസ്തീൻ ആക്രമണത്തെ അപലപിച്ചെങ്കിലും സംയമനം പാലിക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രയേലിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇരു കൂട്ടരുമായും ചർച്ച നടത്താൻ പ്രതിരോധ സെക്രട്ടറിയുടെ ഡെപ്യൂട്ടി അസിസ്റ്റന്‍റിനെ അമേരിക്ക നിയോഗിച്ചിട്ടുണ്ട്.
ഇസ്രയേൽ – പലസ്തീൻ തർക്ക പരിഹാരത്തിനായി രൂപീകരിച്ച, അന്താരാഷ്ട്ര ക്വാർട്ടെറ്റിന്‍റെ യോഗം അടിയന്തരമായി വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്കയ്ക്കും റഷ്യക്കും പുറമേ, ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനുമാണ് ക്വാർട്ടെറ്റിലെ അംഗങ്ങൾ. ഇസ്രയേൽ – പലസ്തീൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗ്യൂട്ടറെസ് ആശങ്ക പ്രകടിപ്പിച്ചു.
ആക്രമണം കനത്തതോടെ ലക്ഷക്കണക്കിന് ഇസ്രയേലികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തുടങ്ങിയിട്ടുണ്ട്. ഹമാസിന്റെ ഗാസ സിറ്റി കമാണ്ടർ ബസേം ഇസ്സയെ ഇസ്രയേൽ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പലസ്തീനിൽ ഗർഭിണിയും 16 കുട്ടികളും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 65 ആയി. ഇസ്രയേലിൽ 6 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്.
Discussion about this post