തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഇന്ന് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നിലവില്‍ കണ്ണൂര്‍ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ വീണ്ടും ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങും. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വരുന്ന മണിക്കൂറില്‍ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ഡോ മൃതുഞ്ജയ മഹോപത്ര അറിയിച്ചു. നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ തീരത്തെ പ്രഭാവം കുറയുമെന്നും എന്നാലും കനത്ത മഴയുണ്ടാകുമെന്നും ഡോ മൃതുഞ്ജയ മാധ്യമങ്ങളോട് പറഞ്ഞു.
തീരദേശ മേഖലയിലാകെ കനത്ത കാറ്റും മഴയും കടഷക്ഷോഭവും ദുരിതം വിതയ്ക്കുകയാണ്. ചാവക്കാടും കൊടുങ്ങല്ലൂരും തീരദേശ മേഖലയില്‍ സ്ഥിതി ഗുരുതരമാണ്. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമായിവീടുകളിലേക്ക് വീണ്ടു വെള്ളം കയറി തുടങ്ങി. ദുരന്ത നിവാരണ സേനയും പൊലീസും കമ്പനിപ്പടി, ബസാര്‍ മേഖലകളില്‍ ക്യാമ്ബ് ചെയ്യുകയാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളായത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിനും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. തിരുവനന്തപുരം വലിയതുറ കടല്‍ പാലത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അടച്ച് പൂട്ടി. എറണാകുളം പളളുരുത്തിയില്‍ 24 മണിക്കൂറിനിടെ 208 മില്ലിമീറ്റര്‍ അതിതീവ്ര മഴയാണ് പെയ്തത്.
Discussion about this post