ഡല്‍ഹി: രാജ്യത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സഹായവുമായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്. ഇതിന്റെ ഭാഗമായി ഗുഡ്ഗാവ് പൊലീസിന് ധവാന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി. സഹായം നല്‍കിയതിന് ധവാന് ഗുഡ്ഗാവ് പോലീസ് നന്ദി അറിയിക്കുകയും ചെയ്തു. ഗുഡ്ഗാവ് പോലീസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
നന്ദി അറിയിച്ച ഗുഡ്ഗാവ് പോലീസിന്റെ ട്വീറ്റ് ധവാന് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഈ മഹാമാരിക്കിടെ ഇത്തരം ചെറിയ സഹായത്തിലൂടെ ജനങ്ങളെ സേവിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ജനങ്ങളെയും സമൂഹത്തെയും സഹായിക്കാന്‍ എപ്പോഴും തയ്യാറാണെന്നും ധവാന് പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് നിരവധി ക്രിക്കറ്റ് താരങ്ങളും ഐപിഎല്‍ ടീമുകളും രംഗത്തെത്തിയിരുന്നു. സണ്‍ റൈസേഴ്സ് ഹൈദരാബാദ് 30 കോടി രൂപയും രാജസ്ഥാന് റോയല്‍സ് 7.5 കോടി രൂപയുമാണ് രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നല്‍കിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് 1.5 കോടി രൂപയും നല്‍കിയിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കുന്ന ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ് 37 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ബ്രറ്റ് ലീ 48 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. രാജസ്ഥാന് റോയല്‍സ് പേസര്‍ ജയദേവ് ഉനദ്കട്ട് തന്റെ ഐപിഎല്‍ ശമ്പളത്തിന്റെ പത്ത് ശതമാനം സംഭാവന നല്‍കുന്നതായാണ് പ്രഖ്യാപിച്ചത്. ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റ് മെഡിക്കല്‍ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഋഷഭ് പന്തും രംഗത്തെത്തിയിരുന്നു.
Discussion about this post