ഇടുക്കി: ഇസ്രായേലിൽ ഹമാസ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷ് ഇസ്രായേൽ ജനതയുടെ മാലാഖയാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പമാണ് ഇസ്രായേൽ സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ സൗമ്യയുടെ വീട് സന്ദര്‍ശിച്ച ഇസ്രായേൽ കോൺസൽ ജനറൽ സൗമ്യയുടെ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി.
അതേസമയം സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചായിരിക്കും ചടങ്ങുകൾ. ശനിയാഴ്ച രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു.
2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തി മടങ്ങിപോയത്.












