ലഖ്നൗ: ഉത്തർ പ്രദേശ് റവന്യൂ മന്ത്രി വിജയ് കശ്യപ് മരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത്. അമ്പത്തിയാറുകാരനായ വിജയ് കശ്യപ് മുസാഫര്‍നഗറിലെ ചര്‍താവല്‍ നിയോജകമണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരുന്നു.
കൊവിഡ് ബാധയെ തുടർന്ന് മരിക്കുന്ന ഉത്തർ പ്രദേശിലെ മൂന്നാമത്തെ മന്ത്രിയാണ് വിജയ് കശ്യപ്. മന്ത്രിമാരായ കമല്‍ റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവര്‍ നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
വിജയ് കശ്യപിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. പൊതുജനങ്ങൾക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു കശ്യപെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുമായി വരെ അദ്ദേഹം മികച്ച ബന്ധം പുലര്‍ത്തിയിരുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും അനുയായികളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്ങും കശ്യപിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.








