ജിദ്ദ : മിനായില്‍ കല്ലേറ് കര്‍മ്മം നിര്‍വഹിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി ഉയര്‍ന്നു. 13 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചതായി സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 2006 നു ശേഷം മക്കയിലുണ്ടാകുന്ന വന്‍ ദുരന്തമാണ് ഇത്. സംഭവത്തില്‍ സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു. മക്കയിലെ ആശുപത്രികളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കല്ലേറ് കര്‍മ്മത്തിന് ശേഷം മിനായില്‍ നിന്നും മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ പെട്ടവരെ ആശുപത്രികളിലേയ്‌ക്ക് മാറ്റുന്നതിനൊപ്പം മൃതദേഹങ്ങളും അപകട സ്‌ഥലത്തു നിന്നും വേഗത്തില്‍ നീക്കം ചെയ്‌തു വരികയാണ്.
മലയാളിയായ കൊടുങ്ങല്ലൂര്‍ അഴിക്കോട് സ്വദേശി മുഹമ്മദ് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വകാര്യ ഏജന്‍സി വഴിയാണ് ഇയാള്‍ ഹജ്ജിനെത്തിയത്. കോട്ടയം അരിമ്പുഴ സ്വദേശി സക്കീബ്, ലക്ഷദ്വീപ് സ്വദേശി ഷാജഹാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ജംറയില്‍ കല്ലെറിയല്‍ കര്‍മ്മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. ഈ വര്‍ഷം തന്നെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണ് ഇത്. കഴിഞ്ഞ മാസം ക്രെയിന്‍ തകര്‍ന്ന് വീണ് 111 പേര്‍ മരിച്ചിരുന്നു.
Discussion about this post