ഭോപാൽ: മധ്യപ്രദേശിൽ കൊവിഡ് ബാധ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 1 മുതൽ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാണ്. രോഗമുക്തി നിരക്ക് 90 ശതമാനത്തിന് മുകളിൽ ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം 82,000 സാമ്പിളുകൾ പരിശോധിച്ചതിൽ മൂവായിരത്തോളം പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9000 പേർ രോഗമുക്തി നേടിയതായും ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മെയ് 31 വരെ ജനങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് നിലവിൽ വാക്സിൻ ക്ഷാമമില്ലെന്നും വാക്സിൻ ലഭ്യത കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ കുട്ടികൾക്ക് പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതി മധ്യപ്രദേശിൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സൗജന്യ റേഷനും സൗജന്യ വിദ്യാഭ്യാസവും നൽകുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചിരുന്നു.








