കോഴിക്കോട്: മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞു. പരിക്കേറ്റ് പിടഞ്ഞ പൂച്ച കുഞ്ഞുങ്ങളെ ആര് ആര് ടി വളണ്ടിയര്‍ ജില്ല മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കോഴിക്കോട് – ബാലുശ്ശേരി റോഡില്‍ ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സംഭവം. ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സില്‍വര്‍ നിറത്തിലുള്ള കാറില്‍ പോയിരുന്നവര്‍ ആണ് ഇങ്ങനെ ചെയ്തത്. പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞതിനു പിന്നാലെ കാര്‍ ഓടിച്ചു പോകുകയും ചെയ്തു.
സംഭവം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ജീവനു വേണ്ടി പിടഞ്ഞ പൂച്ചകളെ റോഡിന്റെ അരികിലേക്ക് മാറ്റി വെള്ളം നല്കി. തുടര്‍ന്ന് പതിമൂന്നാം വാര്‍ഡ് ആര് ആര് ടി വളണ്ടിയര്‍ പി ഷനോജ് ലാലിനെ വിവരം അറിയിച്ചു. അദ്ദേഹം എത്തി പിടയുന്ന പൂച്ചകളെ കൊട്ടയിലാക്കി ഉടന്‍ ജില്ല മൃഗാശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, രണ്ടു പൂച്ചക്കുഞ്ഞുങ്ങള്‍ക്കും ജീവനില്ലെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു.
സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് പൊലീസിന്റെ കാമറ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പൂച്ചയെ വലിച്ചെറിയുന്ന ദൃശ്യത്തിനായി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ ബന്ധപ്പെട്ടു. എന്നാല്‍, കാമറയുടെ പരിധിക്ക് പുറത്തായതിനാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. ചത്ത പൂച്ചക്കുഞ്ഞുങ്ങളെ പിന്നീട് ഷനോജ് തന്നെ കുഴിച്ചിട്ടു.
നേരത്തെ, കക്കോടി ഭാഗത്തും സമാനസംഭവം നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Discussion about this post