ഭോപാൽ: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പകർച്ചവ്യാധിയുടെ കാലത്ത് കോൺഗ്രസ് രാജ്യത്തെ മരണങ്ങൾ ആഘോഷിക്കുകയാണ്. ഈ കാലത്തെ കോൺഗ്രസ് നേതാക്കളുടെ ദുർവാക്കുകളിൽ സോണിഅ ഗാന്ധി മൗനം പാലിക്കുകയാണ്. അവർ ധൃതരാഷ്ടരെ പോലെ പെരുമാറുകയാണെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
സർക്കാർ ജനങ്ങളെ സേവിക്കുന്നതിൽ വ്യാപൃതരാണ്. എന്നാൽ കോൺഗ്രസ് ആകട്ടെ എരിതീയിൽ എണ്ണയൊഴിക്കുകയാണ്. യുദ്ധസമാനമായ സാഹചര്യത്തിൽ ജനങ്ങളെയും സർക്കാരിനെയും പിന്തുണയ്ക്കുന്നതിന് പകരം കമൽനാഥ് നിന്ദ്യമായ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ചൗഹാൻ പറഞ്ഞു.
കമൽനാഥിന്റെ ഇന്ത്യൻ കൊറോണയെന്ന പരാമർശം സോണിയ ഗാന്ധി അംഗീകരിക്കുന്നുണ്ടോയെന്ന് ശിവരാജ് സിംഗ് ചൗഹാൻ ചോദിച്ചു. ഇല്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ധൃതരാഷ്ട്രരെ പോലെ അന്ധത പാലിക്കുന്നതെന്നും ഇതിനെതിരെ നടപടി എടുക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനി ഇത് അംഗീകരിക്കുന്നുവെങ്കിൽ കോൺഗ്രസിന്റെ മനസ്സിലിരുപ്പ് എന്താണെന്ന് രാജ്യത്തോട് തുറന്നു പറയണമെന്നും ചൗഹാൻ വെല്ലുവിളിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,936 പേർക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവ് ആയത്. ഏഴായിരത്തിലധികം പേർ രോഗമുക്തി നേടിയതായും ശിവരാജ് സിംഗ് ചൗഹാൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.








