ഡൽഹി: മഹാരാഷ്ട്ര കേഡറിൽനിന്നുള്ള 1985 ബാച്ചിലെ ഉദ്യോഗസ്ഥനായ സുബോധ് കുമാർ ജയ്സ്വാൾ സിബിഐ ഡയറക്ടറായി ചുമതലയേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ഉന്നതതല സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരാണ് സമിതിയിലുള്ളത്.
കേരള ഡിജിപി ലോക്നാഥ് ബെഹ്റയടക്കം നൂറോളം ഉദ്യോഗസ്ഥരുടെ പേരാണ് പട്ടികയിലുണ്ടായിരുന്നത്. ഫെബ്രുവരി ആദ്യം ഋഷികുമാർ ശുക്ല കാലാവധി പൂർത്തിയാക്കിയതു മുതൽ സിബിഐ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. അഡിഷനൽ ഡയറക്ടർ പ്രവീൺ സിൻഹയ്ക്കായിരുന്നു താത്കാലിക ചുമതല.
ചുമതലയേൽക്കുന്നതു മുതൽ രണ്ട് വർഷത്തേക്കാണു കാലാവധി. മഹാരാഷ്ട്ര പൊലീസിൽ ഡിജിപിയായും സുബോധ് കുമാർ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിലവിൽ സിഐഎസ്എഫ് ഡയറക്ടർ ജനറലാണ്. മുംബൈ ആന്റി ടെററിസം സ്ക്വാഡ്, മഹാരാഷ്ട്ര പൊലീസ് എസ്ഐടി, സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ് എന്നിവയിലും പ്രവർത്തിച്ചു.
Discussion about this post