ഡൽഹി: സിബിഐയിൽ യാതൊരു മുൻപരിചയവും ഇല്ലാതിരുന്നിട്ടും കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോയുടെ തലപ്പത്തേക്ക് സുബോധ് കുമാർ ഐപിഎസിനെ എത്തിച്ചത് ഏറ്റെടുത്ത പ്രമാദമായ കേസുകളിൽ കാട്ടിയ അന്വേഷണ പാടവവും വിട്ടുവീഴ്ചയില്ലാത്ത അന്വേഷണ വഴികളുമാണ്. തീവ്രവാദ കേസുകളിൽ അന്വേഷണം കൈകാര്യം ചെയ്‌തതിലെ മികച്ച ട്രാക്ക് റെക്കോർഡാണ് അദ്ദേഹത്തിന്റെ സുപ്രധാന കൈമുതൽ.
2008ലെ മുംബയ് ഭീകരാക്രമണ സമയത്ത് സുബോധ് കുമാര്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്‍റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു. എല്‍ഗര്‍ പരിഷത്ത്, ഭീമ കൊറേഗാവ് അക്രമകേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചതും ഇദ്ദേഹമായിരുന്നു.
ദേശീയ രഹസ്യാന്വേഷണ വിഭാഗമായ റോയിലും എസ്പിജിയിലും ഉൾപ്പെടെ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 2018 ജൂണ്‍ മുതല്‍ 2019 ഫെബ്രുവരി വരെ സുബോധ് കുമാര്‍ മുംബയ് പൊലീസ് കമ്മിഷണറായിരുന്നു. മഹാരാഷ്ട്രയില്‍ തെല്‍ഗി സ്റ്റാമ്പ് പേപ്പര്‍ അഴിമതി കേസ് സി ബി ഐ ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം അന്വേഷിച്ചിരുന്നു. തുടർന്ന് മഹാരാഷ്ട്ര സംസ്ഥാന പൊലീസ് സേനയുടെ തലവനായ അദ്ദേഹം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ ചേരുകയായിരുന്നു.
മഹാരാഷ്ട്ര ഡി ജി പി ആയിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് രണ്ടാമതും പോകുന്നത്. 1985 ബാച്ച് ഐ പി എസ് ഓഫീസറായ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ നിലവില്‍ സി ഐ എസ് എഫ് ഡയറക്‌ടര്‍ ജനറലാണ്. സി ഐ എസ് എഫില്‍ വലിയ പരിഷ്കാരങ്ങൾക്കും കൊവിഡ് പശ്ചാത്തലത്തില്‍ സേനയുടെ മനോവീര്യം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തെ തേടി സിബിഐ ഡയറക്ടർ എന്ന പദവി എത്തിയിരിക്കുന്നത്.
Discussion about this post