ഡൽഹി: ലക്ഷദ്വീപിനെ ടൂറിസം ഹബ്ബായി മാറ്റുന്ന തരത്തിൽ വികസനം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പറഞ്ഞു . മേഖലയുടെ സംസ്കാരത്തെയും ജീവിതവ്യവസ്ഥയെയും സമാധാനത്തെയും താൻ കൊണ്ടുവന്ന നടപടികൾ തകർക്കുമെന്ന വിമർശനം തള്ളിയാണ് പട്ടേൽ ദേശീയമാധ്യമത്തോടു നിലപാട് വ്യക്തമാക്കിയത്. ഇതുവരെ ലക്ഷദ്വീപിന്റെ ചുമതല വഹിച്ചിരുന്നവർ ന്യൂനപക്ഷ കാർഡ് ഇറക്കിയുള്ള കളിയാണ് നടത്തിയത്. വികസനത്തെ അവഗണിച്ചിരുന്നുവെന്നും പട്ടേൽ ദേശീയ മാധ്യമത്തോടു പറഞ്ഞു. ദ്വീപിലെ 70,000 വരുന്ന ജനസംഖ്യയിൽ 99 ശതമാനവും മുസ്‌ലിംകളാണ്.
പട്ടേൽ ലക്ഷദ്വീപിൽ കൊണ്ടുവന്ന നയങ്ങൾക്കെതിരെ കോൺഗ്രസും ഇടതുപാർട്ടികളും എൻസിപിയും ഉൾപ്പെടെ പ്രതിപക്ഷ കക്ഷികളെല്ലാം വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.
തനിക്ക് വർഗീയ അജൻഡകൾ ഒന്നുമില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഗോമാംസ വിൽപ്പന അനുവദിക്കുന്നില്ലെന്ന് ബീഫ് നിരോധനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ‘ഈ നയം ലക്ഷദ്വീപിൽ കൂടി നടപ്പാക്കിയാൽ എന്താണ് കുഴപ്പം?. പുതിയ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിയമം നിലവിൽ വരുമ്പോൾ ദീർഘകാല അടിസ്ഥാനത്തിൽ സ്ത്രീ ശാക്തീകരണം നടപ്പാകും. വനിതാ സ്ഥാനാർഥികൾക്കാണ് 50% പഞ്ചായത്ത് സീറ്റുകളും. ഇതോടെ ജനാധിപത്യ പ്രക്രീയയിൽ അവരുടെ പങ്കാളിത്തം വർധിക്കും. നിലവിൽ രണ്ടുകുട്ടികൾ ഉള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കില്ല. ഈ നിയമം ഗുജറാത്തിലും മറ്റു പലയിടങ്ങളിലും ഉണ്ട്.
ദ്വീപിൽ കുറ്റകൃത്യമില്ലെന്ന് പറയുന്നത് സത്യമല്ല. അനധികൃത മദ്യ വ്യാപാരവും മയക്കുമരുന്ന് കള്ളക്കടത്തും വൻതോതിൽ അവിടെ നടക്കുന്നു. ഇതു പരിശോധിക്കാനാണ് ഗുണ്ടാ ആക്ട് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമപരമായി മദ്യം വിറ്റഴിച്ചാൽ അനധികൃത ഇടപാട് ഇല്ലാതാക്കാം. അത് ടൂറിസത്തിനും വരുമാനത്തിനും സഹായകരമാകും. കഴിഞ്ഞ 70 വർഷമായി വികസനം കൊണ്ടുവരാത്തവരാണ് തന്നെ വിമർശിക്കുന്നത്. ഇവിടെ വികസനം വരുന്നത് അവരുടെ താൽപര്യങ്ങളെ ഹനിക്കും. എന്നാൽ ലക്ഷദ്വീപിന്റെ മുഖംമാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ പ്രതിജ്ഞാബദ്ധരാണ്.
ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാൻ അധികം വൈകാതെതന്നെ ലോകമെമ്പാടുംനിന്ന് ആളുകൾ ഒഴുകും. ഇന്ത്യയുടെ മാലദ്വീപായി ലക്ഷദ്വീപ് മാറും. വനിതകൾക്കും യുവാക്കൾക്കും ദരിദ്രർക്കും പ്രാധാന്യം നൽകും. അഗത്തി വിമാനത്താവളം മോടിപിടിപ്പിക്കും. വാട്ടർ വില്ലകൾ വികസിപ്പിക്കും വിനോദസഞ്ചരത്തെ പ്രോത്സാഹിപ്പിക്കും.
ദ്വീപുകളിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്തും. സുലഭമായി ലഭിക്കുന്ന ട്യൂണ മത്സ്യം ശേഖരിക്കുന്നതിനായി ഇൻസുലേറ്റഡ് ഫിഷ് ബോക്സുകളും ഫ്രോസൺ ഫിഷ് യൂണിറ്റുകളും സ്ഥാപിക്കും.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ മെച്ചപ്പെടുത്താൻ നടപടിയെടുക്കുന്നുണ്ട്. നഴ്സിങ്, പാരമെഡിക്കൽ കോളജുകൾ തുറക്കും. വിദ്യാർഥികൾക്ക് ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മറൈൻ എൻജിനിയറിങ് തുടങ്ങിയവ പഠിക്കാനായി പോളിടെക്നിക് സ്ഥാപനങ്ങൾ തുറക്കും. ഔഷധ ഗുണമുള്ള കടൽപ്പായൽ ശേഖരിക്കുന്നതിനായി സ്ത്രീകളുടെ സ്വയം സഹായ സംഘത്തെ രൂപീകരിക്കും. കവരത്തി, അഗത്തി, മിനിക്കോയി ദ്വീപുകളിൽ ആധുനിക ആശുപത്രികൾ സ്ഥാപിക്കും. ഓക്സിജൻ നിർമാണ യൂണിറ്റ് ഉടൻ സ്ഥാപിക്കും’ – പ്രഫുല്‍ ഖോഡ പട്ടേൽ പറയുന്നു.
Discussion about this post