ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിനിടെ രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും വൈറ്റ് ഫംഗസ് ബാധയും പടരുന്നു. വൈറ്റ് ഫംഗസ് ബാധയെ തുടർന്ന് ദഹനേന്ദ്രിയങ്ങളിൽ ദ്വാരം രൂപപ്പെടുന്ന അതീവ ഗുരുതരാവസ്ഥ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യത്തെ കേസാണിതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
അന്നനാളം, ചെറുകുടൽ, വൻകുടൽ എന്നിവിടങ്ങളിലാണ് രോഗബാധ ഗുരുതരമായതിനെ തുടർന്ന് ദ്വാരങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. വയറുവേദനയും ഛർദ്ദിയുമായി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 49കാരിയാണ് രോഗിയെന്ന് ഡോക്ടർ അമിത് അറോറ അറിയിച്ചു. ലക്ഷണങ്ങൾ കലശലായതിനെ തുടർന്ന് നടത്തിയ സിടി സ്കാൻ പരിശോധനയിലാണ് ദഹനേന്ദ്രിയങ്ങളിൽ ദ്വാരങ്ങൾ കണ്ടത്. കാൻസർ ബാധിച്ച് നേരത്തെ കീമോതെറാപ്പിക്ക് വിധേയയാട്ടിള്ളതാണ് രോഗി.
നാല് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ യുവതിയുടെ ദഹനേന്ദ്രിയങ്ങളിലെ ദ്വാരങ്ങൾ അടച്ചതായി ഗംഗാറാം ആശുപത്രിയിലെ ഉദരരോഗ വിഭാഗം അറിയിച്ചു. അതേസമയം ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പുറമെ യെല്ലോ ഫംഗസും കൊവിഡ് ബാധയ്ക്കൊപ്പം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ആശങ്കയുളവാക്കിയിരുന്നു.
രാജ്യത്ത് ഇതേവരെ 11,717 പേർക്ക് മാരകമായ ബ്ലാക്ക് ഫംഗസ് ബാധ പിടിപെട്ടിട്ടുണ്ടെന്നാണ് കണക്ക്.
Discussion about this post