ന്യൂയോർക്ക്: ഇന്ത്യൻ സർക്കാരിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കാൻ രാഷ്ട്രീയശ്രമം നടക്കുന്നുണ്ടെന്നും ഇതും യഥാർഥ ഭരണവും തമ്മിൽ വ്യത്യാസമുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പറഞ്ഞു . ഹൂവർ ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിച്ച ‘ഇന്ത്യ: അവസരങ്ങൾ, തന്ത്രപരമായ പങ്കാളിത്തത്തിനുള്ള വെല്ലുവിളികൾ’ എന്ന വിഷയത്തിൽ യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ എച്ച്.ആർ. മക്മാസ്റ്ററുമായുള്ള കൂടിക്കാഴ്ചക്കിടയിലായിരുന്നു പരാമർശം.
‘കോവിഡ് മഹാമാരി കാരണം ഇന്ത്യ വളരെ സമ്മർദത്തിലൂടെയാണു കടന്നുപോകുന്നത്. ഞങ്ങൾ കുറെ മാസങ്ങളായി സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. ഇപ്പോൾ രണ്ടാം തരംഗം ആരംഭിച്ച ശേഷം 800 ദശലക്ഷം ആളുകൾക്കു സൗജന്യ ഭക്ഷണം നൽകി. 400 ദശലക്ഷം ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ചു. ഇതാണ് ഈ സർക്കാർ ചെയ്തത്’. അദ്ദേഹം പറഞ്ഞു.
‘അമേരിക്കയിലെ ജനസംഖ്യയുടെ രണ്ടര ഇരട്ടിയിലധികം പേർക്കു ഭക്ഷണം നൽകുകയും യുഎസിലെ ജനസംഖ്യയേക്കാൾ കൂടുതൽ പേർക്കു ധനസഹായം നൽകുകയും ചെയ്യുന്നു. വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് അല്ലാതെ കൂടുതലൊന്നും ഞങ്ങൾ ചോദിക്കുന്നില്ല, വിവേചനമില്ല. യാഥാർഥ്യം ഇതായിരിക്കെ ഇന്ത്യയെ പ്രത്യേക രീതിയിൽ ചിത്രീകരിക്കാൻ രാഷ്ട്രീയശ്രമം നടക്കുന്നുണ്ട്.
നിങ്ങൾക്ക് ഇതിനോടു യോജിക്കാം, വിയോജിക്കാം. ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യക്കാർക്ക് അതിയായ ആത്മവിശ്വാസമുണ്ട്. ഇന്ത്യ ബഹുസ്വര സമൂഹമാണ്. മുൻകാലങ്ങളിൽ വോട്ടുബാങ്ക് രാഷ്ട്രീയത്തെ പലരും വളരെയധികം ആശ്രയിച്ചിരുന്നു. ഞങ്ങൾ അതിൽനിന്നു പുറത്തുപോയി. എല്ലാ അർഥത്തിലും ഇന്ത്യ വൈവിധ്യപൂർണമാണ്’– ജയ്ശങ്കർ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
യുഎസ് സന്ദർശനത്തിനായി ജയ്ശങ്കർ ഞായറാഴ്ചയാണു ന്യൂയോർക്കിലെത്തിയത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ സന്ദർശിച്ച ജയ്ശങ്കർ ബുധനാഴ്ച വാഷിങ്ടണിലെത്തി. പ്രസിഡന്റ് ജോ ബൈഡൻ ജനുവരിയിൽ അധികാരമേറ്റ ശേഷം ജയ്ശങ്കറിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്.
Discussion about this post