ന്യൂഡൽഹി : ഇറാന് മുകളിലൂടെയുള്ള വിമാന സർവീസുകൾ വഴിതിരിച്ചു വിടുമെന്ന് അറിയിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും. ഇറാൻ വ്യോമപാത ഒഴിവാക്കി മറ്റു മാർഗങ്ങളിലൂടെ യാത്ര നടത്തുന്നതിനാൽ വിമാന സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. റൂട്ട് മാറ്റാൻ കഴിയാത്ത ചില വിമാനങ്ങൾ റദ്ദാക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന് യുഎസുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇറാൻ വ്യോമപാത ഒഴിവാക്കാനാണ് വിമാന കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ ഏതാനും മണിക്കൂറുകൾ സമയത്തേക്ക് ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചിടുകയും ചെയ്തിരുന്നു.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ റൂട്ടിംഗ് ഉപയോഗിക്കുന്നുണ്ടെന്നും ഇത് കാലതാമസത്തിന് കാരണമായേക്കാമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ എയർ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈനുകൾ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അപ്രതീക്ഷിതമായ സാഹചര്യങ്ങളെ തുടർന്നുണ്ടാകുന്ന തടസ്സങ്ങളിൽ ഖേദിക്കുന്നു എന്നും എയർ ഇന്ത്യ അറിയിച്ചു.












Discussion about this post