ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയേറ്റുവാങ്ങിയ കനത്ത തോൽവിക്ക് പിന്നാലെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ജഡേജ നിലവിൽ മൈതാനത്ത് എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണെന്നും അക്സർ പട്ടേലിനെ തഴയുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഏകദിനങ്ങളിലുമായി 16 ഓവറുകൾ പന്തെറിഞ്ഞ ജഡേജക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചട്ടില്ല എന്നതാണ് സങ്കടകരം. താരത്തിന്റെ ബാറ്റിംഗ് ഫോമും അത്ര മികച്ചതല്ല. ഇതിനെ തന്നെയാണ് ശ്രീകാന്ത് വിമർശിച്ചതും. “എന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജഡേജ. എന്നാൽ ബാറ്റ് ചെയ്യുമ്പോൾ ആക്രമിക്കണോ അതോ പ്രതിരോധിക്കാനോ എന്ന കാര്യത്തിൽ അദ്ദേഹം ഇപ്പോൾ കടുത്ത ആശയക്കുഴപ്പത്തിലാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജഡേജ.”
“ചാമ്പ്യൻസ് ട്രോഫിയിലും ടി20 ലോകകപ്പിലും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ അക്സർ പട്ടേൽ ഇപ്പോൾ എവിടെയാണ്. അക്സറിനെ ടീമിൽ ഉൾപ്പെടുത്താത്തത് ഒരു ‘രഹസ്യമല്ല’. ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു പകരക്കാരനെ കണ്ടെത്തുക അസാധ്യമാണ്. അങ്ങനെയുള്ളപ്പോൾ അക്സറിനെപ്പോലെയുള്ള ഒരു ഓൾറൗണ്ടറെ കളിപ്പിക്കാത്തത് ടീമിന് ആറാം ബൗളറുടെ അഭാവം ഉണ്ടാക്കുന്നു.”
66 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 4.49 എന്ന മികച്ച ഇക്കണോമിയിൽ 75 വിക്കറ്റുകളും ബാറ്റിംഗിൽ മൂന്ന് അർദ്ധ സെഞ്ച്വറികളും അക്സറിന്റെ പേരിലുണ്ട്.













Discussion about this post