സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, വീരേന്ദർ സെവാഗ് തുടങ്ങിയ ഇതിഹാസ താരങ്ങളേക്കാൾ മികച്ച താരം പാകിസ്ഥാന്റെ അഹമ്മദ് ഷെഹ്‌സാദ് ആണെന്ന് വെളിപ്പെടുത്തിയ പാക് ഓപ്പണർ സാഹിബ്സാദ ഫർഹാനെതിരെ പരിഹാസവും വിമർശനവും ശക്തമാകുന്നു. ഫർഹാന്റെ ഈ ‘വിവരക്കേടിന്’ ലോകത്തോടൊന്നാകെ മാപ്പ് ചോദിച്ചിരിക്കുകയാണ് മുൻ പാക് താരങ്ങളായ ബാസിത് അലിയും കമ്രാൻ അക്മലും.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിലാണ് സയീദ് അൻവർ, സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, സെവാഗ് എന്നിവരേക്കാൾ മികച്ച ബാറ്ററായി ഷെഹ്‌സാദിനെ ഫർഹാൻ തിരഞ്ഞെടുത്തത്. ഇത് പാക് ക്രിക്കറ്റ് ലോകത്ത് തന്നെ വലിയ ചിരിക്കും ചർച്ചകൾക്കും വഴിമാറി. ഫർഹാൻ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയ ബാസിത് അലി ഇത് വ്യാജ വീഡിയോ ആണോ എന്ന് ചോദിച്ചു. “സച്ചിനേക്കാൾ വലിയവൻ ഷെഹ്‌സാദ് ആണെന്ന് പറയാൻ ഫർഹാന് ഭ്രാന്തില്ല. ഈ വിഷയം ഇവിടെ നിർത്താൻ ഞാൻ അപേക്ഷിക്കുന്നു,” എന്ന് ബാസിത് ‘ദി ഗെയിം പ്ലാൻ’ എന്ന യൂട്യൂബ് ചാനലിൽ പറഞ്ഞു.
കമ്രാൻ അക്മലും ചിരിയടക്കാൻ പാടുപെടുകയായിരുന്നു. “അവന്റെ ഇഷ്ട താരം ഷെഹ്‌സാദ് ആയിരിക്കാം, പക്ഷേ സയീദ് അൻവറിനേക്കാളും സച്ചിനേക്കാളും മികച്ചവൻ ഷെഹ്‌സാദ് ആണെന്ന് പറയുന്നത് ശരിയല്ല. ഒരു ക്രിക്കറ്റർ എന്ന നിലയിൽ അവൻ ചിന്തിച്ച് സംസാരിക്കണമായിരുന്നു,” കമ്രാൻ പരിഹസിച്ചു.
“ആരെങ്കിലും നിങ്ങളോട് ഫർഹാന്റെ ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാൽ, ബാസിത് അലിയും കമ്രാൻ അക്മലും അതിന് ക്ഷമ ചോദിച്ചു എന്ന് പറയുക. ഫർഹാന്റെ തെറ്റിന് ഞങ്ങൾ മാപ്പ് ചോദിക്കുന്നു,” ബാസിത് അലി കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ ടി20 ഓപ്പണറായ ഫർഹാൻ ഇതുവരെ 37 ടി20 മത്സരങ്ങളിൽ നിന്ന് 917 റൺസ് നേടിയിട്ടുണ്ട്. 2026-ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്റെ പ്രാഥമിക ടീമിൽ ഫർഹാനെ ഉൾപ്പെടുത്തിയിട്ടുണ്ട്.













Discussion about this post