ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ നിർത്തി വെച്ചിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ധാരണയായതായി സൂചന. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ നടത്തുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.
സെപ്തംബർ 15 മുതൽ ഒക്ടോബർ 15വരെ കഴിഞ്ഞ വർഷം നടന്ന അതേ മാതൃകയിൽ മത്സരങ്ങൾ നടത്താനാണ് ആലോചന. ടൂർണമെന്റിൽ ഇനി 31 മത്സരങ്ങളാണുള്ളത്.
ആഴ്ചയിൽ നാലു ദിവസങ്ങളിലായി ഒരു ദിവസം രണ്ടു മത്സരം വീതം നടത്തി ഐ.പി.എൽ പൂർത്തിയാക്കാനും ആലോചനയുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനും ടി20 ലോകകപ്പിനും ഇടയിലുള്ള 30 ദിവസങ്ങളിൽ മത്സരങ്ങൾ നടത്താനാണ് നീക്കം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടക്കേണ്ട ട്വെന്റി 20 ലോകകപ്പും യുഎഇയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.












