ശ്രീലങ്ക: എം വി എക്സ്-പ്രസ്സ് പേള്‍ എന്ന് ചരക്ക് കപ്പലിൽ നിന്നുള്ള ടൺ കണക്കിന് കത്തി ഉരുകിയ പ്ലാസ്റ്റിക്കുകള്‍ വെള്ളിയാഴ്ചയോടെ ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്തടിഞ്ഞു. ഇതേതുടര്‍ന്ന് ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്ത് സര്‍ക്കാര്‍ മത്സ്യബന്ധനം നിരോധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് 80 കിലോമീറ്റർ (50 മൈൽ) തീരപ്രദേശത്താണ് സർക്കാർ വിലക്ക് പ്രഖ്യാപിച്ചത്. നിരോധനം ബാധിച്ച 5,600 ബോട്ടുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുമെന്നും നിലവിൽ വിപണിയിലുള്ള സമുദ്രവിഭവങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും മത്സ്യത്തൊഴിലാളി മന്ത്രി കാഞ്ചന വിജശേഖര പറഞ്ഞു.
കപ്പലിനെ രക്ഷിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ പത്താം ദിവസത്തിലേക്ക് കടന്നു. കപ്പലിലെ തീ നിയന്ത്രണവിധേയമാണെന്നും കപ്പൽ തകരാനുള്ള സാധ്യത കുറഞ്ഞുവെന്നും ശ്രീലങ്കൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ നിഷന്ത ഉലുഗെറ്റെൻ അറിയിച്ചു.
എണ്ണ ചോർച്ചയാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ശ്രീലങ്കയിലെ മറൈൻ എൻവയോൺമെന്‍റ് പ്രൊട്ടക്ഷൻ അതോറിറ്റി (MEPA) പറഞ്ഞു. എന്നാൽ കപ്പലിന്‍റെ പ്ലാസ്റ്റിക് ചരക്കുകള്‍ ഇതിനകം തന്നെ കടലില്‍ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിക്കഴിഞ്ഞു.
കൊളംബോയിൽ നിന്ന് 43 കിലോമീറ്റർ തെക്ക് – കലുതാരയിലെ ഹോളിഡേ റിസോർട്ടിൽ വെള്ളിയാഴ്ച ദശലക്ഷക്കണക്കിന് പ്ലാസ്റ്റിക് തരികൾ ഒഴുകിയെത്തി.
തലസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ വടക്ക് മത്സ്യബന്ധന മേഖലയായ നെഗൊമ്പോയിൽ കഴിഞ്ഞ ദിവസം ഇതുപോലെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിരുന്നു.
കടൽത്തീര വൃത്തിയാക്കൽ നടന്നുകൊണ്ടിരിക്കുമ്പോൾ കണ്ടൽക്കാടുകളിലും തടാകങ്ങളിലും ഉണ്ടായ ആഘാതം ഇപ്പോഴും കണക്കാക്കിയിട്ടില്ല. മത്സ്യങ്ങളടക്കമുള്ള കടല്‍ ജീവികൾക്കും പക്ഷികൾക്കുമുള്ള ദോഷവും കണക്കാക്കും.
ഏഷ്യയിലെ ഏറ്റവും മികച്ച ജൈവ വൈവിധ്യമാർന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക, ഇത്തരത്തിലുള്ള പ്ലാസ്റ്റിക് മലിനീകരണം, പ്രത്യേകിച്ച് മൈക്രോപ്ലാസ്റ്റിക്സിൽ നിന്നുള്ള മാലിന്യം ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മെപ ചെയർപേഴ്‌സൺ ധർഷാനി ലഹന്ദപുര പറഞ്ഞു.
Discussion about this post