കൊല്‍ക്കത്ത: ചീഫ് സെക്രട്ടറി വിഷയത്തിലും കേന്ദ്രസർക്കാർ ഉത്തരവിനെ അവഗണിച്ച് മമതാ ബാനർജി. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പശ്ചിമബംഗാളിലെ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാദ്ധ്യായയ്ക്ക് സ്ഥലംമാറ്റം ഉത്തരവ് കേന്ദ്രം പെട്ടെന്ന് പുറപ്പെടുവിച്ചതാണ് പുതിയ വിഷയം. പേര്‍സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ച തോടെ ഇക്കാര്യത്തില്‍ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
അടിയന്തിരമായി നടപടി എടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അദ്ദേഹത്തെ ഡ്യൂട്ടിയില്‍ നിന്നും മാറ്റിയിട്ടില്ല. വെള്ളിയാഴ്ചയാണ് ബന്ദോപാദ്ധ്യായയെ തിരിച്ചയയ്ക്കാന്‍ അടിയന്തിര നിര്‍ദേശം വന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റിലെ പരിപാടികളും സര്‍ക്കാരിന്റെ പദ്ധതികളുമായും മുമ്ബോട്ട് പോകുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കാര്യപരിപാടിയുമായി ബന്ധപ്പെട്ട് നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി മമതയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന റിവ്യൂ മീറ്റിംഗിലും ബന്ദോപാദ്ധ്യായ പങ്കെടുക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രിയിലാണ് കേന്ദ്രത്തില്‍ നിന്നും ഉത്തരവ് വന്നത്. എന്നാല്‍ ഞായറാഴ്ച പോലും ബന്ദോപാദ്ധ്യായ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നു. 1954 ലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ചട്ടം അനുസരിച്ച് ഉള്ള നടപടിയ്ക്ക് ക്യാബിനറ്റിന്റെ നിയമനസമിതി അംഗീകാരം നല്‍കിയതായും അടിയന്തിരമായി നടപടിയെടുക്കണം എന്നും വെള്ളിയാഴ്ച കേന്ദ്രം സംസ്ഥാനത്തിന് അയച്ച ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബന്ദോപാദ്ധ്യായ ന്യൂഡല്‍ഹിയിലെ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ എത്താനും ആയിരുന്നു നിര്‍ദേശത്തില്‍ പറഞ്ഞിട്ടുള്ളത്.
അതേസമയം സംസ്ഥാന ചീഫ് സെക്രട്ടറിയെ വിടാന്‍ കൂട്ടാക്കാത്ത മമതാബാനര്‍ജി കേന്ദ്രത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്നും നിയമവിരുദ്ധമെന്നുമാണ് പ്രതികരിച്ചത്. നടപടി പിന്‍വലിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബന്ദോപാദ്ധ്യായയ്ക്ക് 60 വയസ്സ് തികഞ്ഞിരിക്കുകയാണ്. മെയ് 31 ന് അദ്ദേഹം വിരമിക്കാനിരിക്കാനിരിക്കെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് കൂടി കാലാവധി അധികമായി നല്‍കുകയായിരുന്നു.
Discussion about this post