മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിനിടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചെന്നു പരാതി. വയനാട് ഗവ. എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കലോത്സവം സംഘടിപ്പിച്ചത്. ഇതിനിടെ ആയിരുന്നു സംഭവം.
ശനിയാഴ്ച രാത്രി ഏഴിന് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ വഴിയാണ് കലോത്സവം ആരംഭിച്ചത്. കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണു ഈ സംഭവം നടന്നത്.
കലോത്സവം ഓൺലൈൻ പരിപാടിയിൽ കുട്ടികളും മാതാപിതാക്കളുമായി ധാരാളം പ്രേക്ഷകരുണ്ടായിരുന്നു. ഓണ്‍ലൈൻ കലോത്സവം അലങ്കോലപ്പെടുത്താനായി ചിലർ ബോധപൂർവം അശ്ലീല വിഡിയോകൾ പ്രദർശിപ്പിച്ചെന്നാണു എസ്എഫ്ഐയുടെ പരാതി.സംഭവത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി തലപ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി.
ഓൺലൈനായി നടക്കുന്ന പരിപാടികളിൽ യൂസർ ഐഡിയും പാസ് വേഡും മുൻകൂട്ടി പ്രസിദ്ധപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ ആർക്കു വേണമെങ്കിലും ഇത്തരം പരിപാടികളിൽ പങ്കെടുക്കാം. ഈ പഴുതാണ് പലരും സമൂഹമാദ്ധ്യമങ്ങളിൽ ദുരുപയോഗം ചെയ്യുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
Discussion about this post