ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് 10ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും 12ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാറ്റിവച്ച പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
മേയ് 23ന് നടന്ന യോഗത്തിൽ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ ജൂലൈ 15നും ഓഗസ്റ്റ് 26നും മധ്യേ നടത്താമെന്ന് തത്വത്തിൽ തീരുമാനമെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിന് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ പരീക്ഷ നടത്താതെയുള്ള മറ്റു വഴികൾ നോക്കണമെന്ന നിലപാടാണ് മഹാരാഷ്ട്ര സ്വീകരിച്ചത്. പരീക്ഷയ്ക്കു മുന്‍പായി എല്ലാ കുട്ടികളെയും വാക്സിനേറ്റ് ചെയ്യിക്കണമെന്ന് ഡൽഹിയും കേരളവും നിർദേശിച്ചു
‘നമ്മുടെ വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമർഹിക്കുന്നതാണ്, ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിലെ ഉത്കണ്ഠ അവസാനിപ്പിക്കണമെന്നും ഏറെ ചർച്ച ചെയ്യപ്പെട്ടതും കാത്തിരുന്നതുമായ വിഷയത്തിൽ തീരുമാനമെടുത്ത പ്രധാനമന്ത്രി പറഞ്ഞു
“ഇത്തരം സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുത്. എല്ലാവരും വിദ്യാർത്ഥികളോട് സംവേദനക്ഷമത കാണിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post