ഡൽഹി : പഞ്ചാബ് കോണ്‍ഗ്രസിലും സർക്കാരിലും ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി സംഘടന തലപ്പത്ത് അഴിച്ചുപണി നടത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. കലാപക്കൊടി ഉയര്‍ത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന്റെ സ്ഥാനമുൾപ്പെടെയുള്ള കാര്യങ്ങളിൽ സോണിയഗാന്ധി ഉടൻ തീരുമാനമെടുക്കും. സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി നാളെയോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാൽ അത്രയും പെട്ടെന്ന് പ്രശ്നപ്രതിവിധിക്കുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്.
ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നേടുമെന്ന് മുഖ്യമന്ത്രി അമരീന്ദർസിങ് ആത്മവിശ്വാസത്തോടെ പറയുന്നതെങ്കിലും പഞ്ചാബിലെ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ ദിനംപ്രതി വഷളാകുകയാണ്. പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച മല്ലികാര്‍ജ്ജുന്‍ ഖാർഗെ, ഹരീഷ് റാവത്ത്, ജെപി അഗര്‍വാള്‍ എന്നിവരുൾപ്പട്ട സമിതിയുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമരീന്ദർ സിങ് മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ദു മുന്‍പ് ഉയർത്തിയ വിമത നീക്കം വിജയകരമായി തടുക്കാന്‍ ക്യാപ്റ്റന് കഴിഞ്ഞിരുന്നെങ്കിലും ഇത്തവണ അത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.
എംഎല്‍എമാരില്‍ ഒരു വിഭാഗം സർക്കാരിന്‍റെ പരാജയങ്ങള്‍ സമിതിക്ക് മുൻപില്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ ശക്തമായി രംഗത്തുണ്ട്. വിമത എംഎല്‍എമാരെ വിളിച്ച രാഹുല്‍ഗാന്ധി പ്രശ്നം പരിഹരിക്കാനായി നേരിട്ട് ഇടപെടുകയാണ്. പ്രിയങ്കയും രാഹുലും അമരീന്ദർസിങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാകാനാണ് സിദ്ധുവിന് താല്‍പ്പര്യം. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും ജാട്ട് സിഖ് വിഭാഗത്തില്‍ നിന്നായാല്‍ തിരിച്ചടിയാകുമെന്ന കാർഡ് ഇറക്കിയാണ് അമരീന്ദർസിങ് ഹൈക്കമാൻഡിനെ സമർദ്ദത്തിലാക്കുന്നത്. സിദ്ദുവിനെ എങ്ങനെ പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയഗാന്ധിയാകും ഇനി തീരുമാനമെടുക്കുക. മൂന്നംഗ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചശേഷമായിരിക്കും ഹൈക്കമാൻഡ് തീരുമാനം.
Discussion about this post