തിരുവനന്തപുരം: ക്രമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിന് സിപിഎം എം എൽ എയ്ക്ക് പിഴ. ദേവികുളം എം.എല്‍.എ എ. രാജയ്ക്കാണ് പിഴ ചുമത്തിയത്. 2500 രൂപയാണ് പിഴ.
ക്രമപ്രകാരമല്ല സത്യപ്രതിജ്ഞയെന്ന് കണ്ടതിനെ തുടര്‍ന്ന് രാജയ്ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. നിയമാനുസൃതമല്ലാതെ സത്യപ്രതിജ്ഞ ചെയ്ത് സഭയിലിരുന്ന ഓരോ ദിവസവും 500 രൂപ വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്.
എ രാജ തമിഴിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവോ അല്ലെങ്കില്‍ ദൈവനാമത്തിലോ ആണ് സഭയില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാല്‍, സത്യപ്രതിജ്ഞ തമിഴിലേക്ക് മൊഴിമാറ്റിയപ്പോള്‍ ഇതുണ്ടായിരുന്നില്ല. തുടര്‍ന്ന് ജൂണ്‍ രണ്ടിന് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ച സംഭവിച്ചത് ഏതു സാഹചര്യത്തിലാണെന്ന് പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ പറഞ്ഞു.











