ലഖ്നൗ: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തെ അതിജീവിച്ച് ഉത്തർ പ്രദേശ്. രോഗവ്യാപന തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക് ഡൗൺ പിൻവലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
ഇനി മുതൽ രാത്രി കാല നിയന്ത്രണങ്ങളും, വാരാന്ത്യ നിയന്ത്രണങ്ങളും മാത്രമാകും സംസ്ഥാനത്ത് ഉണ്ടാകുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വാരാന്ത്യങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട ഏഴ് വരെയാകും നിയന്ത്രണങ്ങൾ. അല്ലാത്ത ദിവസങ്ങളിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയാകും രാത്രി കാല നിരോധനം. ലോക്ക്ഡൗൻ പിൻവലിച്ചെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 797 പേർക്ക് മാത്രമാണ് ഉത്തർ പ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 14,000 പേർ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ഇരുപത് കോടിക്ക് മുകളിൽ ജനസംഖ്യയുള്ള സംസ്ഥാനത്ത് നിലവിൽ 0.2 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Discussion about this post