പാലക്കാട്: നെമാറ സംഭവത്തിൽ ദുരൂഹതയേറുന്നു. സജിതയെ പത്തുവര്‍ഷം മുറിയില്‍ താമസിപ്പിച്ചെന്ന റഹ്മാന്റെ വാദം തള്ളി മാതാപിതാക്കള്‍. റഹ്മാന്റെ മുറിയിൽ കട്ടിൽ പോലുമില്ലെന്നും സജിതയെ താമസിപ്പിച്ചത് മറ്റെവിടെയോ ആകാമെന്നും റഹ്മാന്‍റെ പിതാവ് മുഹമ്മദ് കരീമും മാതാവ് ആത്തികയും പറഞ്ഞു.
മൂന്നു മാസം മുൻപ് ആണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയത്. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ അറിയുമായിരുന്നു. റഹ്മാന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മൂന്നു വര്‍ഷം മുൻപ് വീടിന്‍റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണെന്നും മാതാപിതാക്കൾ പറയുന്നു.
ചെറിയ ടീപോയ് മാത്രമാണ് റഹ്മാന്റെ മുറിയിൽ ഉള്ളത്. ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന്‍ പറഞ്ഞത്. ഇത് വിശ്വസനീയമല്ലെന്നും മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.












