ഡല്‍ഹി: ജമ്മു-കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുമാറ്റിയതിനെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 370-ാം വകുപ്പ് വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിഗ്വിജയ് സിങ് അഭിപ്രായപ്പെട്ടത് പോലെ കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ ജമ്മു-കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുമാറ്റിയ നടപടി പുനഃപരിശോധിക്കുമോ? -രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.
ജമ്മു-കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുമാറ്റിയത് അങ്ങേയറ്റം വിഷമകരമായെന്നും കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞതായി ആരോപണമുയര്‍ന്നിരുന്നു.
‘370-ാം വകുപ്പ് എടുത്തുകളഞ്ഞതുമുതല് കശ്മീരില്‍ ജനാധിപത്യം ഇല്ലാതായി. എല്ലാവരെയും ജയിലില്‍ അടച്ചതോടെ അവിടെ മാനവികതയും ഇല്ലാതായി. കശ്മീരിയത്ത് ആണ് മതേതരത്വത്തിന്റെ അടിസ്ഥാനം. കാരണം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്ത് ഹിന്ദു രാജാവായിരുന്നു ഉണ്ടായിരുന്നത്. അവര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി കശ്മീരി പണ്ഡിറ്റുകള്‍ക്ക് സര്‍ക്കാര്‍ സര്‍വിസുകളില്‍ സംവരണമേര്‍പ്പെടുത്തി. അതിനാല്‍ തന്നെ 370-ാം വകുപ്പ് എടുത്തുകളഞ്ഞത് ഏറ്റവും വിഷമിപ്പിക്കുന്ന തീരുമാനമായിരുന്നെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയാണെങ്കില്‍ ഈ വിഷയത്തില്‍ പുനഃപരിശോധന നടത്തുന്നുമെന്നുമായിരുന്നു ദിഗ്വിജയ് സിങ്ങിന്റെ പരാമര്‍ശം.
Discussion about this post