ഡൽഹി: പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിന് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമ പരിരക്ഷ കേന്ദ്രം പിൻവലിച്ചു. കംപ്ലയൻസ് ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റർ അറിയിച്ചെങ്കിലും തങ്ങൾക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. നിയമപരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു.
ജൂൺ അഞ്ചിന് ഗാസിയാബാദിൽ പ്രായമായ മുസ്‌ലിം വയോധികനു നേരെ ആറുപേർ അതിക്രമം നടത്തിയെന്നും ബലംപ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാൻ നിർബന്ധിപ്പിച്ചുവെന്നും ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററിൽ പ്രചരിച്ചത് നീക്കം ചെയ്യാൻ സമൂഹമാധ്യമം തയാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഏത് ഉള്ളടക്കത്തിനും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കമ്പനി മറുപടി പറയേണ്ടിവരും. ട്വിറ്റർ ഇന്ത്യയുടെ ഏത് ഉദ്യോഗസ്ഥനെയും പൊലീസിന് ചോദ്യം ചെയ്യാനും ക്രിമിനൽ നടപടി സ്വീകരിക്കാനും കഴിയും.
ഗാസിയാബാദ് സംഭവത്തിൽ മാധ്യമപ്രവർത്തകരായ റാണാ അയൂബ്, സബാ നഖ്‌വി, മുഹമ്മദ് സുബൈർ, ദി വയർ എന്ന ഓൺലൈൻ മാധ്യമം, കോൺഗ്രസ് നേതാക്കളായ സൽമാൻ നിസാമി, ഷമാ മുഹമ്മദ്, മസ്കൂർ ഉസ്മാനി തുടങ്ങിയവർക്കെതിരെയും എഫ്ഐആർ ഇട്ടിട്ടുണ്ട്. വസ്തുതകൾ പരിശോധിക്കാതെ സംഭവത്തിന് വർഗീയ വേർതിരിവ് സൃഷ്ടിക്കാനാണ് ഇവർ ശ്രമിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
Discussion about this post