കൊച്ചി: ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി നഷ്ടപ്പെടുത്തിയത് മാതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന മൂന്നു ലക്ഷത്തോളം രൂപ. ആലുവയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ‘ഫ്രീ ഫയര്‍’ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗെയിം ലഹരിയായ വിദ്യാര്‍ഥി, ഒരു സമയം നാല്‍പ്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ചാര്‍ജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്.
ഒരു ദിവസം തന്നെ പത്തു പ്രാവശ്യം വരെ വിദ്യാര്‍ത്ഥി ചാര്‍ജ് ചെയ്തിട്ടുമുണ്ട്. ഇങ്ങനെയാണ് മൂന്ന് ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടില്‍ നിന്ന് പോയതായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവം കണക്കിലെടുത്ത് ഓണ്‍ലൈന്‍ ബോധവത്ക്കരണത്തിന് ഒരുങ്ങുകയാണ് റൂറല്‍ ജില്ലാ പോലീസ്. അടുത്ത ആഴ്ചയോടെ ബോധവത്കരണ പരിപാടികള്‍ ആരംഭിക്കുമെന്ന് എസ് പി വ്യക്തമാക്കി.
Discussion about this post