തൃശൂർ: കേരളത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കാണിക്കാൻ അട്ടിമറിക്ക് ശ്രമം. തൃശൂർ ജില്ലയിലാണ് സംഭവം. വലപ്പാട് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ഇതുസംബന്ധിച്ച നിർദേശം നൽകുന്ന ശബ്ദരേഖ ജനം ടിവി പുറത്ത് വിട്ടു.
ആശാ വർക്കർമാർക്കും പഞ്ചായത്ത് അംഗങ്ങൾക്കും അയച്ച ശബ്ദ സന്ദേശത്തിലാണ് പഞ്ചായത്ത് അദ്ധ്യക്ഷ ഷിനിത ആഷിക് വിവാദ നിർദേശം നൽകുന്നത്. കൊറോണ രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധനയിൽ നിന്നു ഒഴിവാക്കി ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരെ പരിശോധിക്കാനാണ് നിർദ്ദേശം.
പഞ്ചായത്തിലെ ടിപിആർ കൂടുതലാണ്. അത് കുറയ്ക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. അടുത്ത ദിവസ പരിശോധന നടത്തേണ്ട ഇരുപത് പേരെ ഓരോ വാർഡിൽ നിന്ന് തെരഞ്ഞെടുക്കുമ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ തെരഞ്ഞെടുക്കണമെന്നാണ് ഷിനിത ആഷിക് നിർദ്ദേശിക്കുന്നത്. നെഗറ്റീവ് റിപ്പോർട്ടുകൾ കൂട്ടാൻ വേണ്ടിയാണ് അടുത്ത ദിവസം പരിശോധന നടത്തുന്നത് എന്നും പഞ്ചായത്ത് അദ്ധ്യക്ഷ പറയുന്നു.
വലപ്പാട് പഞ്ചായത്തിൽ നിലവിൽ മുപ്പതിൽ കൂടുതലാണ്. അതിനാൽ അവിടെ ട്രിപ്പിൾ ലോക്ക്ഡൗണാണ്. ഇത് മാറ്റാൻ വേണ്ടിയാണ് പഞ്ചായത്ത് അദ്ധ്യക്ഷ ഇത്തരത്തിൽ നിർദ്ദേശം നൽകുന്നത് എന്നത് ശബ്ദ സന്ദേശത്തിൽ നിന്നും വ്യക്തമാണ്.












