ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തെ കുറിച്ച് ഇന്ത്യ-ചൈന സൈനികതല ചര്‍ച്ചകള്‍ വൈകാതെ പുനരാരംഭിച്ചേക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസം ധാരണയായതായാണ് സൂചന. ഏറ്റവും അടുത്ത സമയം തന്നെ സൈനിക തല ചര്‍ച്ച പുനരാരംഭിക്കും. എന്നാൽ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ കീഴില്‍ വരുന്ന കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണമായ പിന്മാറ്റത്തിന് ചൈന ഇതുവരെ തയ്യാറായിട്ടില്ല.
അതിര്‍ത്തി വിഷയങ്ങളില്‍ തീരുമാനമെടുക്കാനുളള വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കോഓര്‍ഡിനേഷന്‍ (ഡബ്ളുഎംസിസി) വെര്‍ച്വല്‍ യോഗത്തില്‍ ഇരുവിഭാഗവും ചൂടേറിയ ചര്‍ച്ചയാണ് നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കും അംഗീകരിക്കാവുന്ന പരിഹാരമാര്‍ഗം എല്ലാ പ്രദേശങ്ങളില്‍ നിന്നും സൈനിക പിന്മാറ്റം നടത്തുന്നതാണെന്നും ഇതിന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായുമാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിവരം. വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കോഓര്‍ഡിനേഷന്‍ (ഡബ്ളുഎംസിസി) വെര്‍ച്വല്‍ യോഗത്തില്‍ ഇന്ത്യക്കായി വിദേശകാര്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി നവീന്‍ ശ്രീവാസ്‌തവയും ചൈനയ്‌ക്കായി അതിര്‍ത്തി-സമുദ്ര വിഭാഗ ഡയറക്‌ടര്‍ ജനറലും ചര്‍ച്ചയ്‌ക്ക് നേതൃത്വമേകി.
ലഡാക്കിലെ പാംഗോംഗ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളിലെ സൈനിക പിന്മാറ്റത്തെ തുടര്‍ന്ന് ഫെബ്രുവരി മാസത്തില്‍ ചര്‍ച്ച നടന്നിരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണാന്‍ 2020 സെപ്‌തംബറില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ധാരണയായിരുന്നു. ഉദ്യോഗസ്ഥ, സൈനിക തല ചര്‍ച്ചകളിലൂടെ പരസ്‌പര ധാരണയിലെത്താനായിരുന്നു അന്ന് നിശ്ചയിച്ചത്. എല്ലാ സംഘര്‍ഷമേഖലയില്‍ നിന്നും പൂര്‍ണമായി സൈനിക പിന്മാറ്റം നടത്തി സമാധാനം കൊണ്ടുവരാനായിരുന്നു അതിലൂടെ ലക്ഷ്യമിട്ടത്. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നു. ഏപ്രില്‍ ഒന്‍പതിനായിരുന്നു ഇത്തരത്തില്‍ പതിനൊന്നാം റൗണ്ട് സൈനികതല ചര്‍ച്ചകള്‍ നടന്നത്.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷത്തെ ചൊല്ലി ചൂടേറിയ വാക്‌പോരാണ് വ്യാഴാഴ്‌ച നടത്തിയത്. തങ്ങളുടെ സൈനിക വിന്യാസം സാധാരണ നടത്തുന്നത് മാത്രമാണെന്ന ചൈനയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ അതിര്‍ത്തിയില്‍ ചൈന ധാരാളം സൈനികരെ തര്‍ക്കപ്രദേശങ്ങളില്‍ വിന്യസിച്ചുവെന്നും, ഇത്തരത്തില്‍ ഏകപക്ഷീയമായി ചൈന നടത്തിയ ശ്രമങ്ങളാണ് കഴിഞ്ഞവര്‍ഷം അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
സെപ്‌തംബര്‍ 10ന് ഷാങ്‌ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും, ചൈനയുടെ വിദേശകാര്യ മന്ത്രിയായ വാങ് യിയുമാണ് പങ്കെടുത്തത്. സൈനിക പിന്മാറ്റം വേഗത്തിലാക്കുക, അതിര്‍ത്തിയില്‍ പിരിമുറുക്കമുണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കുക, പ്രോട്ടോകോള്‍ പാലിക്കുക, യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സമാധാനം പുനസ്ഥാപിക്കുക എന്നിങ്ങനെ പ്രശ്‌നപരിഹാരത്തിന് അഞ്ച് ഉടമ്പടിയില്‍ അന്നെത്തിച്ചേര്‍ന്നിരുന്നു.
നിലവില്‍ ഇരുവിഭാഗത്തിന്റെയും 50,000 മുതല്‍ 60,000 വരെ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
Discussion about this post