പ്രകൃതി മാതാവിനെ ബൃഹത്തായ ചടങ്ങുകളോടെ ആരാധിക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവം . മണ്ണുമായി ഇഴുകിച്ചേര്‍ന്നതാണ് ഇവിടത്തെ ഉത്സവാഘോഷച്ചടങ്ങുകളും ആചാരാനുഷ്ടാനങ്ങളും. മഴയും പുഴയും മലയും കാടുമാണിവിടത്തെ ഉത്സവാന്തരീക്ഷം.
അസാധാരണമായ ഈ വൈശാഖ മഹോത്സവം നടക്കുന്നത് ക്ഷേത്രത്തിലല്ല എന്നതും ബാവലി നദീതീരത്തുള്ള ഇടതിങ്ങിയ വനത്തിലാണെന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്. സ്വയംഭൂലിംഗമുള്ള അക്കരെ കൊട്ടിയൂരില്‍ ഒരു ക്ഷേത്ര നിര്‍മ്മിതിയില്ല. ചെറികല്ലുകള്‍ കൂട്ടിവച്ച സ്ഥലത്താണ് സ്വയംഭൂ വിഗ്രഹമുള്ളത്. ഇതിനെ മണിത്തറ എന്നാണു വിളിക്കുന്നത്. ഉത്സവകാലത്തു മാത്രം തുറക്കുന്ന ഈ ക്ഷേത്രത്തിലെ മുള കൊണ്ടുണ്ടാക്കുന്ന ഓടപ്പൂക്കള്‍ ഈ സമയത്തെ മാത്രം പ്രത്യേകതയാണ്.
ഭഗവാന് പരമശിവനെ അപമാനിക്കാന്‍ ദക്ഷന്‍ നടത്തിയ യാഗം വീരഭദ്രനും പരിവാരങ്ങളും ചേര്‍ന്ന് തടസ്സപ്പെടുത്തിയത് ഈ യാഗഭൂമിയിലാണ് എന്നാണ് വിശ്വാസം . കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ ബാവലി നദിയുടെ ഇരുകരകളിലുമാണ് ഉത്സവം ആഘോഷിക്കുന്ന ക്ഷേത്രങ്ങള്‍ നില കൊള്ളുന്നത് – അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും. പുഴയുടെ വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍. വൈശാഖോത്സവം ഇവിടെയാണ് നടക്കുന്നത്. ഈ സമയത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകളുണ്ടാവില്ല. വെള്ളത്താല്‍ ചുറ്റപ്പെട്ട മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിപ്പൊക്കിയ പര്‍ണശാലകളും ചേര്‍ന്നാല്‍ അക്കരെ കൊട്ടിയൂര്‍ ക്ഷേത്രമായി.
മെയ്- ജൂണ്‍ മാസങ്ങളിലായി വരുന്ന കൊട്ടിയൂരുത്സവം 28 ദിവസം നീണ്ടു നില്ക്കും. നെയ്യാട്ടത്തോടെ ഉത്സവാഘോഷങ്ങള്‍ തുടങ്ങുകയും തിരുകലശാട്ടോടെ സമാപിക്കുകയും ചെയ്യുകയും ചെയ്യുന്ന ഈ ആഘോഷത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുക്കും.
ഓടകളും ഞെട്ടിപ്പനയോലയും കാട്ടുമരങ്ങളുടെ കമ്പുകളും കവുള്‍ച്ചെടിയുടെ നാരും ഉപേയാഗിച്ചാണ് ഇവിടെ പര്‍ണശാലകള്‍ ഉണ്ടാക്കുന്നത് . തെങ്ങോലയും വാഴപ്പോളയും കൊണ്ട് തീര്‍ക്കുന്ന കയ്യാലകള്‍, മണിത്തറയുടെ മുകളിലെ കുടയ്ക്ക് ഞട്ടിപ്പനയോലയും ഓടക്കമ്പും. പ്രസാദം നല്‍കാന്‍ കൂവയിലയും മലവാഴയിലയും.
ഉത്സവത്തിന്റെ ആദ്യചടങ്ങായ നീരെഴുന്നള്ളത്തിന് ക്ഷേത്രത്തിലേക്ക് ജലം കൊണ്ടുവരുന്നതും കൂവയിലയിലാണ്. നെയ്യാട്ടക്കിണ്ടിയുടെ പിടിയുണ്ടാക്കുന്നത് ചകിരിനാരും കൈതനാരും കവുള്‍ നാരും പിരിച്ചാണ്. മുളന്തണ്ടിലാണ് പഞ്ചഗവ്യത്തിന്റെ സൂക്ഷിപ്പ്. തൃക്കലശാട്ടിനുള്ള കലങ്ങള്‍ പനയോലകൊണ്ടാണ് പൊതിയുന്നത്.
കലവുമായി വരുന്ന വ്രതക്കാര്‍ ക്ഷേത്രത്തിലേക്കു പ്രവേശിക്കും മുമ്പ് ആലത്തുംപടിയില്‍വച്ച് വസ്ത്രമുപേക്ഷിച്ച് ഇലകള്‍കാണ്ടുള്ള വസ്ത്രം ധരിക്കുന്നു. ചൂരല്‍വടിയും ചൂരല്‍വളയവുമാണ് സ്ഥാനികരുടെ അധികാരചിഹ്നങ്ങള്‍.
അങ്ങനെ എല്ലാംകൊണ്ടും പ്രകൃതിയുമായി ഇണങ്ങുന്നു ഈ ഉത്സവവിശേഷങ്ങള്‍. മഴയും പുഴയും കൊട്ടിയൂരിനെ ശുദ്ധിയാക്കും. പൊടിക്കളത്തില്‍, ദൈവത്തെ കാണൽ , തുടങ്ങിയ ചടങ്ങുകളും ഇവിടുത്തെ പ്രത്യേകതയാണ്. ഗോത്രാചാര രീതിയില്‍ ശൈവ ആരാധനാ രീതികള്‍ പിന്തുടരുന്ന കൊട്ടിയൂര്‍ ഐതീഹ്യത്തില്‍ പൊടിക്കളം എന്നാല്‍ ചില പ്രത്യേക ഗോത്രങ്ങള്‍ അവരുടെ ദേവതാ സങ്കല്പ്പത്തെ മനസാ, പ്രകൃത്യ കുടിയിരുത്തി വണങ്ങി വന്നിരുന്ന സ്ഥാനം എന്നാണു ലളിതമായ വിശദീകരണം
കുളങ്ങര കുടുംബ ക്ഷേത്രത്തില്‍ വച്ച് ദൈവത്തെ മലയിറക്കി പൊടി കളത്തില്‍ വച്ച് നേരില്‍ കണ്ടു ഇങ്ങിതം അറിയുന്ന ചടങ്ങാണ് ദൈവത്തെ കാണല്‍.കാടന്‍, ഒറ്റപിലാന്‍, തുടങ്ങിയ കുറിച്ച്യ പിന്നാക്ക വിഭാഗത്തില്‍ പെട്ട മൂന്നു പാരമ്പര്യ സ്ഥാനികര്‍ ചേർന്നാണ് ദൈവത്തെ കാണല്‍ ചടങ്ങ് നടത്തുന്നത് .
ഭഗവാന്റെ പ്രിയപ്പെട്ട കാഴ്ചവസ്തുക്കള്‍ നെയ്യും ഇളനീരുമാണ്. ചക്കയും വെള്ളരിയും മാങ്ങയുമാണ് വ്രതക്കാരുടെ ഇഷ്ടഭക്ഷണം. ഉത്സവംകൂടി തിരിച്ചുപോരുന്ന ഭക്തരുടെ കൈയില്‍ ഓടപ്പൂവ് ഉണ്ടാവും. മുളകള്‍ ചീകിയെടുത്ത് നിര്‍മ്മിക്കുന്നതാണീ ഓടപ്പൂവ്.
ഉത്സവം കഴിഞ്ഞാൽ അടുത്ത ഉത്സവ നാള്‍വരെ അക്കരെ കൊട്ടിയൂരില്‍ ആളനക്കമുണ്ടാകില്ല. കാടിന്റെ ശാന്തതയില്‍ ഒരാണ്ടുകാലം ഭഗവാന് പള്ളിയുറക്കം.
Discussion about this post