ഡൽഹി: പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച് മുസ്ലീം രാഷ്ട്രീയ മഞ്ച്. ഇതിനായി രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് സംഘടനാ ദേശീയ കൺവീനർ മുഹമ്മദ് അഫ്സൽ പറഞ്ഞു. മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ സംഘടനാകാര്യ യോഗത്തെ ജൂലൈ അഞ്ചിന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് അഭിസംബോധന ചെയ്യും.
ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന ആവശ്യവും വിഘടനവാദികളും ഇന്നത്തെ കശ്മീരിൽ അപ്രസക്തമാണെന്ന് മഞ്ച് വിലയിരുത്തി. മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ചാണ് യോഗം.
കശ്മീർ വിഷയത്തിന് പുറമെ മദ്രസകളുടെ ആധുനികവത്കരണം, രാഷ്ട്ര നിർമ്മാണ പ്രക്രിയയിലെ മുസ്ലീങ്ങളുടെ പങ്കാളിത്തം എന്നിവയും യോഗത്തിൽ ചർച്ചയാകും. കേന്ദ്ര മന്ത്രി വി കെ സിംഗും ആർ എസ് എസിന്റെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ഗാസിയാബാദിലായിരിക്കും യോഗം ചേരുക.










