മലപ്പുറം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത്. ഇന്നലെ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷാജി നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നായിരുന്നു വിജിലൻസ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് നവംബറിൽ ഷാജിക്കെതിര വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ഷാജിക്കെതിരെ കേസെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയതാണ് എന്നാണ് വിജിലൻസിന്റെ സംശയം.











