ലഖ്‌നൗ: ജനസംഖ്യ വര്‍ധിക്കുന്നത് സമൂഹത്തില്‍ അസമത്വമുള്‍പ്പെടുള്ള പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും, സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനത്തിന് തടസ്സമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തണമെന്നും യോഗി ജനങ്ങളോട് ആവശ്യപ്പെട്ടു. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാറിന്‍റെ 2021-2030 വർഷത്തേക്കുള്ള പുതിയ ജനസംഖ്യാ നയം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വമുള്‍പ്പെടെ പല ഗുരുതര പ്രശ്‌നങ്ങളുടേയും പ്രധാന കാരണം ജനസംഖ്യാവര്‍ധനവാണ്. ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കുന്നതാണ് സാമൂഹികവികസനത്തിന്റെ ആദ്യഘട്ടം. ജനസംഖ്യ വര്‍ധിക്കുന്നത് മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തിപരമായും സാമൂഹികമായും ബോധവത്കരിക്കുമെന്ന് ഈ ജനസംഖ്യാദിനത്തില്‍ നാമോരുത്തരും പ്രതിജഞ ചെയ്യേണ്ടതാണ്’. യോഗി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സംസ്ഥാനത്തെ ജനനനിരക്ക് 2.7ൽനിന്ന് 2026 ഓടെ 2.1 ആയും 2030 ഓടെ 1.9 ആയും കുറക്കുകയാണ് ലക്ഷ്യമെന്ന് യോഗി പറഞ്ഞു. ‘ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ട് കുട്ടികൾ തമ്മിലുള്ള കാലവ്യത്യാസം വർധിപ്പിക്കണം. ജനസംഖ്യാ വർധനയും ദാരിദ്ര്യവും പരസ്പര ബന്ധിതമാണ്. പുതിയ നയത്തിൽ എല്ലാ സമുദായങ്ങളയും പരിഗണിക്കുന്നുണ്ട്. നയരൂപവത്കരണത്തിന് 2018 മുതൽ സംസ്ഥാന സർക്കാർ പരിശ്രമിക്കുകയായിരുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ടിലധികം കുട്ടികളുള്ള ദമ്പതിമാര്‍ക്ക് സര്‍ക്കാരാനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടാകില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന യുപി ജനസംഖ്യാ ബില്‍ 2021 ന്റെ ആദ്യ കരട് രൂപം സംസ്ഥാന നിയമകമ്മീഷന്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. രണ്ടിലധികം കുട്ടികള്‍ പാടില്ലെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ മിത്തല്‍ വ്യക്തമാക്കിയിരുന്നു.
ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാനും ഗർഭച്ഛിദ്രത്തിന് സുരക്ഷിത സംവിധാനം ഏർപ്പെടുത്താനും ശനിയാഴ്ച പുറത്തിറക്കിയ ജനസംഖ്യ നിയന്ത്രണ ബില്ലിന്‍റെ കരടിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. നവജാതശിശുക്കൾ, കൗമാരക്കാർ, പ്രായമായവർ എന്നിവരെ ഡിജിറ്റൽ ട്രാക്കിങ് ചെയ്യുന്നതിനും നിർദ്ദേശമുണ്ട്.ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ ജനങ്ങളുടെ ക്ഷേമം കൂടുതല്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നിയമം രൂപവത്കരിച്ചതെന്നും രണ്ട് കുട്ടികളുള്ള ദമ്പതിമാര്‍ക്ക് എല്ലാ വിധ സര്‍ക്കാരാനുകൂല്യങ്ങളും ലഭിക്കുമെന്നും മിത്തല്‍ അറിയിച്ചു. നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് അഭിപ്രായമുണ്ടെങ്കില്‍ ജൂലായ് 19 ന് മുമ്പ് അറിയിക്കണമെന്നും ജനങ്ങളോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post