ഹേമാംബിക നഗര്‍: പ്രസവശേഷം കൈക്കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിക്ക് വീട്ടില്‍ പ്രവേശനം തടഞ്ഞ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും മാതാവിനുമെതിരെ പൊലീസ് സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തു. ഹേമാംബിക നഗര്‍ പൊലീസാണ് ധോണി സ്വദേശി മനു കൃഷ്ണനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തത്.
ഒലവക്കോടടുത്ത് ധോണി ലാന്‍ഡ് ലിങ്ക്സ് കോളനിയിലെ വീട്ടിലായിരുന്നു വിവാഹശേഷം ഭര്‍ത്താവും യുവതിയും താമസിച്ചിരുന്നത്. യുവതി ഗര്‍ഭിണിയായശേഷം കായംകുളം റെയില്‍വേ സ്റ്റേഷനിലിറക്കി തനിച്ച് പോകാന്‍ പറഞ്ഞതായി യുവതി പരാതിയില്‍ പറയുന്നു.
പ്രസവശേഷം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഭര്‍ത്താവ് തയാറായില്ല. കഴിഞ്ഞ ദിവസം ഭര്‍ത്താവുമായി ഫോണിലൂടെ സംസാരിച്ചതു പ്രകാരം യുവതി കൈക്കുഞ്ഞുമായി മാതാപിതാക്കളുടെ കൂടെ ഭര്‍തൃവീട്ടിലെത്തി. യുവതിയും വീട്ടുകാരും ധോണിയിലെ വീട്ടിലെത്തുംമുമ്പ് ഭര്‍തൃവീട്ടുകാര്‍ വീട് പൂട്ടി പോയി. ഇതോടെ യുവതി വീടിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു.
തുടര്‍ന്ന് ഹേമാംബിക നഗര്‍ പൊലീസില്‍ പരാതിയും നല്കി. യുവാവ് ഹൈദരബാദിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. സി.ഐ വിപിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
Discussion about this post